കീവ്: യുക്രെയ്ൻ-പോളണ്ട് അതിർത്തിയിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
യഹോദിൻ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. ട്രെയിൻ എൻജിനിലാണ് ഡ്രോൺ പതിച്ചത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി.
കീവിൽ നടന്ന യാൽട്ട യൂറോപ്യൻ സ്ട്രാറ്റജി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ബോറിസ് ജോൺസനും യൂറോപ്യൻ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഇതേ റെയിൽപാതയിലൂടെയാണു സഞ്ചരിച്ചത്. ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൊനാഥൻ പവൽ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
നയതന്ത്രനേതാക്കൾ സഞ്ചരിച്ച ട്രെയിൻ നിശ്ചയിച്ചതിലും നേരത്തേയാണു സ്റ്റേഷൻ വിട്ടത്. ആക്രമണത്തിന്റെ സമയത്ത് യഹോദിൻ റെയിൽവേ സ്റ്റേഷനിലെ മറ്റൊരു ട്രെയിനിൽ മുൻ സിഐഎ മേധാവി ഡേവിഡ് പെട്രോസുണ്ടായിരുന്നു. ആക്രമണത്തിന് 15 മിനിറ്റ് മുൻപാണ് ആക്രമിക്കപ്പെട്ട ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകിയതെന്ന് യുക്രെയ്ൻ റെയിൽവേ അധികൃതർ പറഞ്ഞു.
പോളിഷ് അതിർത്തിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഡ്രോൺ ആക്രമണം നടന്നതെന്നും യുക്രെയ്ൻ, പോളണ്ട് അധികൃതർ അറിയിച്ചു.
കീവിലെ സമ്മേളനത്തിൽ പങ്കെടുത്ത മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാറൽ ബിൽഡ്റ്റും താൻ സഞ്ചരിച്ചിരുന്ന ട്രെയിനിലെ യാത്രക്കാരോട് ഒഴിപ്പിക്കലിനു തയാറാകാൻ നിർദേശം ലഭിച്ചതായി പറഞ്ഞു.
സ്ഥിതി സുരക്ഷിതമാണെന്ന് അറിയിച്ചതിനെത്തുടർന്ന് യാത്ര തുടരുകയായിരുന്നു. ട്രെയിൻ പിന്നീട് പോളണ്ടിലെ അതിർത്തി സ്റ്റേഷനായ ദൊറോഹുസ്കിൽ സുരക്ഷിതമായിയെത്തി.